മഹാരാഷ്ട്രയിൽ വിലയില്ലാതായ ഉള്ളി കർഷകനെ കരയിപ്പിക്കുന്നു. ഉള്ളിക്ക് ലഭിക്കുന്ന നാമമാത്ര വിലയിൽ പ്രതിഷേധിച്ച് നാസിക്കിൽനിന്നുള്ള മറ്റൊരു കർഷകൻ ഉള്ളി വിറ്റുകിട്ടിയ പണം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന് അയച്ചുകൊടുത്താണ് ഇത്തവണ പ്രതിഷേധസ്വരമുയർത്തിയത്. 545 കിലോ ഉള്ളി വിറ്റപ്പോൾ ലഭിച്ച തുച്ഛമായ 216 രൂപയാണ് ചന്ദ്രകാന്ത് ദേശ്മുഖ് എന്ന കർഷകൻ മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തത്.

നാസിക്കിലെ എ.പി.എം.സി മാർക്കറ്റിൽ വിറ്റപ്പോൾ കിലോയ്ക്ക് 52 പൈസ നിരക്കിലാണ് ഉള്ളിക്ക് വില ലഭിച്ചത്. ഗുണനിലവാരമുള്ള ഉള്ളിയായിരുന്നു താൻ മൊത്തകമ്പോളത്തിൽ വിൽക്കാൻ കൊണ്ടുപോയതെന്ന് ചന്ദ്രകാന്ത് പറയുന്നു. “താമസിക്കുന്ന സ്ഥലത്ത് വരൾച്ച അനുഭവപ്പെടുകയാണ്. കൃഷിക്കായി വായ്പയും എടുത്തിട്ടുണ്ട്. വീട്ടുകാര്യം എങ്ങനെ നടത്തിക്കൊണ്ടുപോകുമെന്ന് അറിയില്ല.-’ ചന്ദ്രകാന്ത് പറയുന്നു. നേരത്തെ നാസിക്കിൽ നിന്നുള്ള ഒരു ഉള്ളി കർഷകൻ 750 കിലോ ഉള്ളി വിറ്റപ്പോൾ കിട്ടിയ ആയിരം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്ത് പ്രതിഷേധിച്ചിരുന്നു.

മഹാരാഷ്ട്രയിൽ ഉള്ളി കർഷകർ പ്രതിസന്ധിയിലാണെന്നും സർക്കാർ അവരുടെ ദുരിതം കാണുന്നില്ലെന്നും എൻ.സി.പി. നേതാവ് ശരദ് പവാർ കുറ്റപ്പെടുത്തി.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here