പൂണെ: അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായ നാവികസേന ഉദ്യോഗസ്ഥന്‍ ഭാര്യയുടെ ചിത്രവും മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതായി പരാതി. പൂണെ സ്വദേശിയും നിലവില്‍ ഡല്‍ഹിയില്‍ നാവികസേനയില്‍ സേവനമനുഷ്ടിക്കുകയും ചെയ്യുന്ന 39-കാരനെതിരെ ഭാര്യ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.

ഭര്‍ത്താവിന് അശ്ലീലചിത്രങ്ങളോടുള്ള അമിതതാത്പര്യം കാരണം വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയതിന് പിന്നാലയാണ് തന്റെ ചിത്രങ്ങളും പ്രചരിപ്പിച്ചതായി ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നാവിക ഉദ്യോഗസ്ഥനെതിരെ കേസെടുത്ത കോന്ധ്വ പോലീസ് ഇയാളെ ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചു.

ഭര്‍ത്താവിന് അശ്ലീലചിത്രങ്ങളോടുള്ള അമിത താത്പര്യം കാരണം മുന്‍ സൈനിക ഉദ്യോഗസ്ഥ കൂടിയായ ഭാര്യ അടുത്തിടെയാണ് പൂണെയിലെ സ്വന്തംവീട്ടിലേക്ക് താമസംമാറിയത്. ഇതിനിടെ വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ഡല്‍ഹിയില്‍നിന്ന് പൂണെയിലേക്ക് മടങ്ങുമ്പോള്‍ ഭര്‍ത്താവ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ഇവര്‍ കൈവശം സൂക്ഷിച്ചിരുന്നു. പിന്നീട് പൂണെയിലെത്തി ഫോണ്‍ പരിശോധിച്ചപ്പോഴാണ് തന്റെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങളും സഹപ്രവര്‍ത്തകരുടെ ഭാര്യമാരുടെ അശ്ലീലചിത്രങ്ങളും യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഫോണിലെ പ്രത്യേക ആപ്ലിക്കേഷനിലൂടെ ഇത് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നതായും യുവതി കണ്ടെത്തി. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

അതേസമയം, അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മറ്റുസ്ത്രീകളൊന്നും പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സഹപ്രവര്‍ത്തകന്റെ ഭാര്യയുമായി നാവികസേന ഉദ്യോഗസ്ഥന് രഹസ്യബന്ധമുണ്ടെന്ന് ഭാര്യയുടെ പരാതിയില്‍ ആരോപണമുണ്ടെന്നും, സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here