തിരുവനന്തപുരം: ‘നില്ല് നില്ല് എൻ്റെ നീല കുയിലെ’ എന്ന ഗാനത്തിന് നൃത്തം വയ്ക്കുന്നവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. അപകടകരമായ രീതിയില്‍ വാഹനത്തിന് മുന്നില്‍ ചാടിയുള്ള ഈ നൃത്തച്ചുവടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അപകടങ്ങൾ ക്ഷണിച്ചു വരുത്തരുത്; അപായകരമായ അനുകരണങ്ങൾ വേണ്ട എന്ന തലക്കെട്ടോട് കൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഫേസ്ബുക്കും വാട്സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ പ്രചാരം നേടുകയാണ് മ്യൂസിക്കലി, ടിക് ടോക്ക് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ആപ്പുകൾ. വീഡിയോ പോസ്റ്റുകൾ അതിവേഗം വൈറൽ ആകുന്നതുകൊണ്ടു തന്നെ കൂടുതൽ ആകർഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങൾക്കും ശ്രമങ്ങൾ നടത്തുന്നു. ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് നില്ല് നില്ല് എൻ്റെ നീല കുയിലെ എന്ന ഗാനം ടിക് ടോകില്‍ ബാക്ഗ്രൗണ്ടാക്കി കെെയ്യിൽ കാട്ടു ചെടിയോ തലയിൽ ഹെൽമെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെൻഡ് ആക്കി മാറ്റിയിരിക്കുകയാണ്.