മുംബൈ: മലേഗാവ് സ്ഫോടനക്കേസില്‍ ഏഴ് പ്രതികള്‍ക്കെതിരേയും തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി. കേസിലെ പ്രതികളായ ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍, മേജര്‍ രമേശ് ഉപധ്യായ്, സമീര്‍ കുല്‍ക്കര്‍ണി, അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ക്കെതിരേയാണ് മുംബൈ എന്‍.ഐ.എ കോടതി കുറ്റംചുമത്തിയത്.

തീവ്രവാദ ഗൂഢാലോചനക്കുറ്റത്തിന് പുറമേ ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റവും ചുമത്തിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് മുംബൈ എന്‍.ഐ.എ കോടതി മുഴുവന്‍ പ്രതികള്‍ക്കെതിരെയും കുറ്റംചുമത്തിയത്. കേസ് ഇനി നവംബര്‍ രണ്ടിന് പരിഗണിക്കും.

മലേഗാവില്‍ 2008 സെപ്റ്റംബര്‍ 29 നുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടന്ന അതേവര്‍ഷംതന്നെ സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍, കേണല്‍ പുരോഹിത് എന്നിവരെ മറ്റ് പ്രതികള്‍ക്കൊപ്പം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തിരുന്നു.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here