വിശാഖപട്ടണം: അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇന്ത്യക്കെതിരേ വിന്‍ഡീസിന് ജയത്തോളം പോന്ന സമനില. ഉമേഷ് യാദവിന്റെ അവസാന പന്ത് ബൗണ്ടറിയടിച്ച ഷായ് ഹോപ്പാണ് വിന്‍ഡീസിന് സമനില സമ്മാനിച്ചത്.

134 പന്തില്‍ 123 റണ്‍സെടുത്ത ഹോപ്പ് പുറത്താകാതെ നിന്നു. 113 പന്തില്‍ എട്ടു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതമാണ് ഹോപ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 50 ഓവറില്‍ വിന്‍ഡീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു.

നേരത്തെ 78 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ വിന്‍ഡീസ് ഷായ് ഹോപ്പിന്റെയും ഷിംറോണ്‍ ഹെറ്റ്മയറിന്റെയും ബാറ്റിങ്ങാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്. നാലാം വിക്കറ്റില്‍ ഇരുവരും 143 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നിലയുറപ്പിച്ച ഇരുവരും ഇന്ത്യയെ പ്രതിസന്ധിയിലായി. വെറും 81 പന്തിലാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയത്.

ഉറച്ച സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന ഹെറ്റ്മയര്‍ ചാഹലിനെ ഉയര്‍ത്തിയടിക്കാമുള്ള ശ്രമത്തില്‍ പുറത്താകുകയായിരുന്നു. 64 പന്തില്‍ നാലു ബൗണ്ടറികളും ഏഴു സിക്‌സുമുള്‍പ്പെടെയാണ് ഹെറ്റ്മയര്‍ 94 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ ഹോപ്‌ഹെറ്റ്മയര്‍ സഖ്യം 143 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഓപ്പണര്‍മാരായ കീറന്‍ പവല്‍ (18), ഹേംരാജ് (32), മര്‍ലോണ്‍ സാമുവല്‍സ് (13), റൂവന്‍ പവല്‍ (18), പവല്‍ (18), ജേസണ്‍ ഹോള്‍ഡര്‍ (12) എന്നിവരാണ് പുറത്തായ വിന്‍ഡീസ് താരങ്ങള്‍. 322 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 36 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 18 റണ്‍സുമായി കീറണ്‍ പവലാണ് പുറത്തായത്

നേരത്തെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ പതിനായിരം റണ്‍സ് പിന്നിടുന്ന താരമായി ഇന്ത്യന്‍ നായകന്‍ മാറിയ ദിവസം വിശാഖപട്ടണത്ത് തെളിഞ്ഞത് ഇന്ത്യയുടെ ബാറ്റിങ് കരുത്ത്. രണ്ടാം ഏകദിനത്തില്‍ അമ്പത് ഓവറില്‍ വിന്‍ഡീസിനെതിരെ ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സാണ് ഇന്ത്യ നേടിയത്.

130 പന്തില്‍ നിന്ന് 157 റണ്‍സെടുത്ത കോലി തന്നെയാണ് ഇന്ത്യന്‍ കരുത്തിന് പിന്‍ബലമേകിയത്. 13 ബൗണ്ടറിയും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ നായകന്റെ മുപ്പത്തിയേഴാം ഏകദിന സെഞ്ച്വറി. പരമ്പരയില്‍ കോലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. 205 ഇന്നിങ്‌സില്‍ നിന്ന് പതിനായിരം റണ്‍സ് തികച്ചാണ് കോലി ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ബാറ്റ്‌സ്മാനായത്. സച്ചിന്‍ തെണ്ടുക്കറെയാണ് കോലി ഈ നേട്ടത്തില്‍ മറികടന്നത്.

40 റണ്‍സില്‍ ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി-റായിഡു സഖ്യമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 73 റണ്‍സെടുത്ത് പുറത്തായ റായിഡുവിനൊപ്പം കോലി 139 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

106 പന്തില്‍ 10 ബൗണ്ടറികളോടെയാണ് കോലി 37-ാം എകദിന സെഞ്ചുറിയിലെത്തിയത്. വ്യക്തിഗത സ്‌കോര്‍ 81-ല്‍ എത്തിയപ്പോള്‍ എകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ഇത്തവണയും പിന്നിലായത് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും. സച്ചിന്‍ പതിനായിരം റണ്‍സ് നേടാന്‍ 259 ഇന്നിങ്സ് കളിച്ചപ്പോള്‍ കോലി കേവലം 205 ഇന്നിങ്സില്‍ ഈ നാഴികക്കല്ല് പിന്നിട്ടു. 54 ഇന്നിങ്സിന്റെ വ്യത്യാസം. 2001 മാര്‍ച്ച് 31-നായിരുന്നു സച്ചിന്റെ പതിനായിരം റണ്‍സ് നേട്ടം.

ഇതിനു പിന്നാലെ 111 റണ്‍സെടുത്തപ്പോള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോലി സ്വന്തം പേരില്‍ കുറിച്ചു.

തുടര്‍ച്ചയായ അഞ്ചാം തവണയാണ് വിശാഖപട്ടണം വൈ.എസ്.ആര്‍ സ്റ്റേഡിയത്തില്‍ കോലി 50 റണ്‍സ് പിന്നിടുന്നത്. ഒരേ വേദിയില്‍ തുടര്‍ച്ചയായി കൂടുതല്‍ തവണ അര്‍ധ സെഞ്ചുറിയോ അതിനു മുകളിലോ നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും കോലിക്കായി.

കറാച്ചിയില്‍ ഏഴു മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറി പിന്നിട്ട പാകിസ്താന്റെ മുഹമ്മദ് യൂസഫാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. പാകിസ്താന്റെ തന്നെ ജാവേദ് മിയാന്‍ദാദ് ഷാര്‍ജ സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായി ആറു തവണ അര്‍ധ സെഞ്ചുറി പിന്നിട്ട് രണ്ടാം സ്ഥാനത്തുണ്ട്. റിക്കി പോണ്ടിങ് (മെല്‍ബണ്‍), യൂനിസ് ഖാന്‍ (കറാച്ചി), ബ്രണ്ടന്‍ ടെയ്ലര്‍ (ഹരാരെ) എന്നിവരും തുടര്‍ച്ചയായി അഞ്ചു തവണ ഒരേ വേദിയില്‍ അര്‍ധ സെഞ്ചുറി പിന്നിട്ടവരാണ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് സ്‌കോര്‍ പതിനഞ്ചിലെത്തിയപ്പോള്‍ നാലു റണ്‍സെടുത്ത രോഹിത് ശര്‍മയെ നഷ്ടമായി. പിന്നാലെ 29 റണ്‍സെടുത്ത ധവാനെ ആഷ്ലി നഴ്‌സ് വിക്കറ്റിനു മുന്നില്‍ കുരുങ്ങി. പിന്നീടായിരുന്നു കോലിയും റായിഡുവും ചേര്‍ന്ന ഇന്ത്യയുടെ നെടുംതൂണായ കൂട്ടുകെട്ട് പിറന്നത്. നാലാം നമ്പറില്‍ താന്‍ തന്നെ എന്ന് അരക്കിട്ട് ഉറപ്പിക്കുന്ന ഇന്നിങ്‌സായിരുന്നു റായിഡുവിന്റേത്. 80 പന്തില്‍ 73 റണ്‍സെടുത്ത റായിഡുവിനെയും ആഷ്ലി നഴ്‌സാണ് പുറത്താക്കിയത്. ധോനി (20), ഋഷഭ് പന്ത് (17), രവീന്ദ്ര ജഡേജ (13) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റുള്ളവര്‍. സെഞ്ചുറി നേടിയതിനു പിന്നാലെ തകര്‍ത്തടിച്ച കോലിയുടെ മികവില്‍ അവസാന 10 ഓവറില്‍ നിന്നു മാത്രം ഇന്ത്യ 100 റണ്‍സാണ് നേടിയത്.

വിന്‍ഡീസിനായി ആഷ്‌ലി നഴ്‌സ്, അരങ്ങേറ്റ താരം ഓബദ് മക്കോയ് എന്നിവര്‍ രണ്ടും കെമര്‍ റോച്ച്, മര്‍ലോണ്‍ സാമുവല്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഗുവാഹാട്ടിയില്‍ ആദ്യ ഏകദിനത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. പേസ് ബൗളര്‍ ഖലീല്‍ അഹമ്മദിന് പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. അതേസമയം വിന്‍ഡീസ് നിരയില്‍ ഇടങ്കയ്യന്‍ പേസ് ബൗളര്‍ ഒബേദ് മക്കോയ് അരങ്ങേറ്റം കുറിക്കും. ഓഷെയ്ന്‍ തോമസിന് പകരമായാണ് ഒബേദ് ടീമിലിടം നേടിയത്.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here