ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2013 ലേയും ഇന്നത്തേയും സാഹചര്യങ്ങള്‍ വിലയിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ വേഗമായിരുന്നെങ്കില്‍ ഇന്ത്യ വളരാന്‍ ദശകങ്ങളെടുത്തേനെയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യു.പി.എയുടെ വേഗതയായിരുന്നുവെങ്കില്‍ രാജ്യമെമ്പാടും ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ നൂറ്റാണ്ടുകളും വൈദ്യുതി എത്തിക്കാന്‍ ദശകങ്ങളും പാചകവാതകം നല്‍കാന്‍ ഒരു നൂറ്റാണ്ടും രാജ്യമെമ്പാടും ഒപ്റ്റിക് ഫൈബര്‍ കേബിളിടാന്‍ നിരവധി തലമുറകൾ കാത്തിരിക്കേണ്ടിയും വന്നേനെയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. പ്രളയക്കെടുതില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് എന്റെ ചിന്തകളെന്നും അദ്ദേഹം പറഞ്ഞു.

2022ല്‍ രാജ്യം ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്ന് പ്രഖ്യാപിച്ച മോദി സാധാരണക്കാര്‍ക്കായി പ്രധാമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ എന്ന ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു. അടുത്ത മാസം 25 ന് പദ്ധതി നിലവില്‍ വരും. പദ്ധതി പ്രകാരം 10 കോടി മുതല്‍ 50 കോടി വരെ ആളുകള്‍ക്ക് അഞ്ച് ലക്ഷം വരെയുള്ള ആരോഗ്യ പരിരക്ഷ ലഭിക്കും.

മുത്തലാഖ് നിരോധന നിയമത്തെക്കുറിച്ച് സൂചിപ്പിച്ച പ്രധാനമന്ത്രി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച നിയമ നിര്‍മാണത്തെ ചിലര്‍ തടസ്സപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി. സുപ്രീം കോടതിയില്‍ മൂന്ന് വനിതാ ജഡ്ജിമാര്‍ ഉള്ളതില്‍ അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും വനിതാ മന്ത്രിമാര്‍ മന്ത്രിസഭയില്‍ എത്തുന്നത് ആദ്യമായാണെന്നും സൂചിപ്പിച്ചു. കള്ളപ്പണത്തിനെതിരെയുള്ള നടപടികള്‍ തുടരുമെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി 90,000 കോടി കള്ളപ്പണം തിരിച്ചുപിടിച്ചുവെന്നും അറിയിച്ചു.

2014 ല്‍ താന്‍ സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പലരും ചിരിച്ചു. എന്നാല്‍ അത് കൊണ്ട് ലക്ഷക്കണക്കിന് കുട്ടികള്‍ ആരോഗ്യത്തോടെ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അംബ്ദേക്കര്‍ നമുക്ക് നല്‍കിയ ഭരണഘടനയില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവുത്തുന്നുണ്ട്. ഇക്കാര്യം നമ്മള്‍ ഉറപ്പ് വരുത്തിയെങ്കിലെ ഇന്ത്യക്ക് വികസിക്കാനാകു. രാജ്യാന്തര സോളാര്‍ സംഘത്തെ ഇപ്പോള്‍ നയിക്കുന്നത് ഇന്ത്യയാണ്.ലോകത്ത് ഇന്ത്യയുടെ ശബ്ദം കേട്ടുതുടങ്ങി. പല പ്രധാനപ്പെട്ട സംഘടനകളുടേയും പ്രധാന സ്ഥാനങ്ങളില്‍ ഇന്ത്യക്കാരെത്തി. ഈ സംഘടനകള്‍ മുമ്പ് നമുക്ക് മുന്നില്‍ വാതിലടച്ചിരുന്നവയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ത്രിപുരയും മേഘാലയയും അരുണാചല്‍ പ്രദേശും ചരിത്രത്തില്ലാത്ത തരത്തിലുള്ള സമാധനമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here