കൊച്ചി

: വാഴക്കുളത്ത് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് പിടിയിലായ ഇതരസംസ്ഥാന തൊഴിലാളി പോലീസിനോട് സമ്മതിച്ചു. മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം ചെറുത്തതാണ് കൊലപാതകത്തിലേക്ക് വഴി വച്ചതെന്നും ഇയാള്‍ പറഞ്ഞു.

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ബിജുവാണ് വാഴക്കുളം ഇടത്തിക്കാട് അന്തിനാട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷയെ കൊലപ്പെടുത്തിയ കുറ്റത്തിന്‌ പിടിയിലായത്. രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാനുള്ള ബിജുവിന്റെ ശ്രമം നിമിഷ തടഞ്ഞതോടെ കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് ബിജു നിമിഷയുടെ കഴുത്ത് മുറിയ്ക്കുകയായിരുന്നു. അക്രമം ചെറുക്കാന്‍ വന്ന നിമിഷയുടെ പിതൃസഹോദരന്‍ ഏലിയാസിനെയും അയല്‍വാസിയെയും ബിജു ആക്രമിച്ചു.

ബഹളം കേട്ട് ഓടിയെത്തിയ ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിലെത്തിച്ചത്. ഇവരെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു നിമിഷ. ആശുപത്രിയിലെത്തിച്ച് അല്പസമയത്തിനകം മരണം സംഭവിച്ചു. ഓടി രക്ഷപെടാന്‍ ശ്രമിച്ച ബിജുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

റൂറല്‍ എസ്പി രാഹുല്‍ എസ് രാജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ബിജുവിനെ ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. കൃത്യം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. നിമിഷയുടെ വീടിന് സമീപത്താണ് ബിജു താമസിച്ചിരുന്നത്. ഒരു പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരനാണ് ഇയാള്‍.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here