തിരുവനന്തപുരം: സർക്കാർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന ആരാധനാലയങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, യുവജന ക്ലബ്ബുകൾ, ശ്മശാനങ്ങൾ എന്നിവ ഉപാധികളോടെ പതിച്ചുനൽകും. ദശാബ്ദങ്ങളായി സർക്കാർഭൂമി കൈവശംവെച്ചിരിക്കുന്നവയ്ക്കാണ് ഇത് ബാധകം.

അത്യാവശ്യം വേണ്ട ഭൂമി വിപണിവില ഈടാക്കി പതിച്ചു നൽകും. വിപണിവില നൽകാൻ കഴിയാത്തവർക്കായി ഭൂമി നിശ്ചിത വർഷത്തേക്കു പാട്ടത്തിനു നൽകും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ വിളിച്ചുചേർത്ത ജില്ലാ കളക്ടർമാരുടെ യോഗത്തിലാണു തീരുമാനം.

ഇത്തരം സ്ഥാപനങ്ങൾ ദശാബ്ദങ്ങളായി ആവശ്യത്തിലധികം സർക്കാർഭൂമി കൈയേറി കൈവശം വച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഈ ഭൂമിയിൽ കെട്ടിടങ്ങളുമുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭൂമി മാത്രമാകും നൽകുക. കൈവശം വച്ചിരിക്കുന്ന ബാക്കി ഭൂമി സർക്കാരിലേക്കു തിരിച്ചെടുക്കും. ആവശ്യമെങ്കിൽ ഇത്തരം നടപടികൾക്കായി ചട്ടങ്ങളിൽ ഭേദഗതി വരുത്തും.

കാലാവധി കഴിഞ്ഞിട്ടും പാട്ടക്കുടിശ്ശിക വരുത്തുന്ന ഭൂമി തിരികെയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലത്ത് ഇല്ലാതിരിക്കേയാണ്‌ റവന്യു വകുപ്പിന്റെ സുപ്രധാന തീരുമാനം. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി മുഖ്യമന്ത്രി സ്ഥലത്തില്ല. റവന്യു വകുപ്പിന്റെ തീരുമാനം മുഖ്യമന്ത്രിയുടെകൂടി അംഗീകാരത്തോടെയാണെന്നാണ് വിവരം.

പാട്ടത്തുക അടച്ചാൽ ഇവർ കൈവശംെവച്ചിരിക്കുന്ന ഭൂമിയുടെ പാട്ടക്കാലാവധി നീട്ടി നൽകും. പാട്ടത്തുക അടയ്ക്കാൻ നോട്ടീസ് നൽകുമ്പോൾ കോടതിയിൽനിന്ന്‌ സ്റ്റേ വാങ്ങുന്ന കേസുകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി ഭൂമി തിരികെയെടുക്കാൻ നടപടിയെടുക്കും. ഇതിനായി അഡ്വക്കേറ്റ് ജനറലിനും അഡീഷണൽ അഡ്വക്കേറ്റ് ജനറലിനും നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

പാട്ട വ്യവസ്ഥാരേഖകൾ കാലികവത്കരിക്കും. കുടിശ്ശിക വരുത്തിയവർക്കും പാട്ടത്തുക അടയ്ക്കാത്തവർക്കുമെതിരേ കർശന നടപടി സ്വീകരിക്കും. വേണ്ടിവന്നാൽ അത്തരം ഭൂമി തിരിച്ചെടുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി. സംസ്ഥാനത്തു പരിധിയിലധികം ഭൂമി കൈവശംവച്ചിരിക്കുന്നതു കണ്ടെത്തി അധികഭൂമിക്ക് ഭൂപരിഷ്കരണ നിയമത്തിലെ പരമാവധി പരിധിയായ 15 ഏക്കർ എന്ന വ്യവസ്ഥ നടപ്പാക്കും. ഇതിനായി സീലിങ് കേസുകൾ രജിസ്റ്റർ ചെയ്യും. മിച്ചഭൂമിയായി ഏറ്റെടുക്കുന്ന ഭൂമിയിൽ വീണ്ടും കൈയേറ്റമുണ്ടാകാതെ സൂക്ഷിക്കും.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here